കെഫോൺ പദ്ധതിയും ഡിജിറ്റൽ വിടവും

കെഫോൺ പദ്ധതി കേരളത്തിന്റെ ഭാവിയിലേയ്ക്കുള്ള വലിയൊരു നീക്കിയിരിപ്പാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വിഭാവനം ചെയ്യുന്ന നോളേജ് എക്കണോമിയ്ക്കും കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹികസാഹചര്യത്തിലും ഈ പദ്ധതിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഡിജിറ്റൽ വിടവു നികത്താനുള്ള പദ്ധതിയായി കെഫോണിനെ വിശേഷിപ്പിക്കുന്ന നിരവധി ലേഖനങ്ങൾ അതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുകാണുകയുണ്ടായി. ഈയൊരു വിശേഷണം പൂർണ്ണമായും ശരിയാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഡിജിറ്റൽ സംവിധാനങ്ങൾ സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും ഉപയോഗിക്കാനുള്ള സാഹചര്യത്തിന്റെയും ലഭ്യതയുടെയും ഏറ്റക്കുറച്ചിലനുസരിച്ച് പൗരൻമാർ പലതട്ടുകളിലായി പോകുന്ന പ്രശ്നമാണ് ഡിജിറ്റൽ വിടവ്. ഡിജിറ്റൽ സംവിധാനങ്ങൾ അതിവേഗത്തിൽ ഒരു സമൂഹത്തിലേയ്ക്ക് എത്തിപ്പെടുമ്പോൾ ഈ വിടവ് വളരെപ്പെട്ടെന്നുവലുതാവുകയും തൻമൂലം സമൂഹത്തിൽ ഒരു വിഭാഗം ജനങ്ങൾ പലരീതിയിൽ പിന്നാക്കം പോകുകയും ചെയ്യും. കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾ ഒരുദാഹരണമാണ്.

ഡിജിറ്റൽ വിടവുണ്ടാകുന്നത് ഡിജിറ്റൽ സംവിധാനങ്ങളുടെ ലഭ്യതയില്ലായ്മകൊണ്ടും ഡിജിറ്റൽ സാക്ഷരതയുടെ കുറവുകൊണ്ടുമാണ്(Digital Access and Digital Literacy). ആശ്രയിക്കാവുന്ന നിലവാരത്തിലുള്ള ഇന്റർനെറ്റ്, ഡിജിറ്റൽ ഉപകരണങ്ങൾ, ജീവിതനിലവാരവുമായി ബന്ധപ്പെട്ട ഇവയുടെ വില, ലഭ്യത എന്നിവയെല്ലാം Digital Access-ുമായി ബന്ധപ്പെട്ടവയാണ്. കെഫോൺ പദ്ധതി ഈ മേഖലയിലാണ് പ്രസക്തമാകുന്നത്. സ്ത്രീകൾക്കു സ്മാർട്ട്‌ഫോൺ കൊടുക്കുക, ഒരു വീട്ടിൽ ഒരു ലാപ്‌ടോപ് എന്ന പദ്ധതി, ടെലിവിഷനുകൾ വിതരണം ചെയ്യുക എന്നിവയും ഡിജിറ്റൽ അക്സസ്സുമായി ബന്ധപ്പെട്ട ഗവൺമെന്റ് ഇടപെടലുകളാണ്. പലപ്പോഴും സാമ്പത്തികസാഹചര്യം ഡിജിറ്റൽ അക്സസ്സിനെ നേരിട്ട് ബാധിക്കുന്നതാണ്.

ഡിജിറ്റൽ അക്സസ് പക്ഷേ ഡിജിറ്റൽ വിടവുനികത്താനുള്ള ഒറ്റമൂലിയായി നമ്മൾ കണ്ടുകൂടാ. നേരത്തെപ്പറഞ്ഞപോലെ ഡിജിറ്റൽ സാക്ഷരതകൂടി ഒരു സമൂഹം കൈവരിക്കുമ്പോൾ മാത്രമേ ഡിജിറ്റൽ വിടവ് കുറയ്ക്കാൻ സാധിക്കൂ. അർത്ഥപൂർണ്ണവും ഉത്തരവാദിത്തത്തോടുകൂടിയതുമായ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗമാണ് സാമൂഹികമായി ജനങ്ങളെ മുന്നോട്ട് നയിക്കുക. ഡിജിറ്റൽ സാക്ഷരത എന്ന പ്രയോഗത്തിലെ സാക്ഷരത എന്ന വാക്ക് എഴുത്തും വായനയുമറിയുക എന്ന അർത്ഥത്തിൽ കേരളം കണ്ടുകഴിഞ്ഞതും ലോകത്തിനുതന്നെ മാതൃകാപരമായ ഒരു പ്രസ്ഥാനമായി കേരളത്തിലുണ്ടായതുമാണ്. സാമ്പത്തികസാഹചര്യങ്ങൾ പലമേഖലയിലുള്ള ജനതയുടെ സാക്ഷരതയെ പുറകോട്ടുവലിച്ചിരുന്നു. ഡിജിറ്റൽ സാക്ഷരത പക്ഷേ സാമ്പത്തിക സാഹചര്യങ്ങളോടു നേരിട്ടു ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്. ഉയർന്ന സാമ്പത്തികസ്ഥിതിയുള്ളവർ ഡിജിറ്റൽ സംവിധാനങ്ങൾ പാവപ്പെട്ടവരെക്കാൾ നന്നായി ഉപയോഗിക്കുന്നുവെന്നുപറയാൻ കഴിയില്ല. മറിച്ച്, മധ്യവർഗ്ഗവും ധനികരും അവരുടെ കൈവശമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാനറിയാതിരിക്കുന്നതിന്റെയും ഉത്തരവാദിത്തമില്ലാതെ ഉപയോഗിച്ചു സമൂഹത്തിൽ മുറിവുണ്ടാക്കുന്നതിന്റെയും നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ടുതാനും. അതുകൊണ്ട് ഡിജിറ്റൽ സാക്ഷരത ഒരു സാമ്പത്തികസാഹചര്യത്തിൽ നിന്നുടലെടുത്തതല്ല, മറിച്ച് അതിവേഗം സമൂഹത്തിൽ കടന്നുവന്ന ഒരു സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്.

ഇന്ത്യ പോലെയുള്ള ഒരു വലിയ ജനതയ്ക്കുമേൽ ഡിജിറ്റൽ പണവിനിമയം നോട്ടുനിരോധനത്തിലൂടെ നടത്താൻ ഒറ്റരാത്രികൊണ്ടുശ്രമിച്ചപ്പോൾ സംഭവിച്ചതു നമ്മൾ കണ്ടതാണ്. ഇത്തരം ശ്രമങ്ങൾ ചെറുതും വലുതുമായി പിന്നീടുണ്ടാകുകയും ചെയ്തു, പ്രത്യേകിച്ചും കോവിഡ് കാലത്തെ പലതരം സേവനങ്ങളുടെ ഓൺലൈൻ പരീക്ഷണങ്ങൾ. ഡിജിറ്റൽ നേറ്റീവ് ആയ ഒരു തലമുറയ്ക്കൊപ്പം തന്നെ കോടിക്കണക്കിനു ഡിജിറ്റൽ നിരക്ഷരരും നമ്മോടൊപ്പമുണ്ട്. ഇത്തരമൊരു സമൂഹത്തിലേയ്ക്ക് ഡിജിറ്റൽ അക്സസിന്റെ അസന്തുലിതമായ പരിഹാരപ്രവർത്തനങ്ങളും അതിനെത്തുടർന്നുണ്ടാകാവുന്ന “ഓൺലൈൻ ഓൺലി” കാഴ്ചപ്പാടുകളും സമൂഹത്തിന് ആപത്താണ്. ഡിജിറ്റൽ വിടവു കൂട്ടാനേ അതുപകരിക്കൂ. അതുകൊണ്ട് ഡിജിറ്റൽ അക്സസ്സും ഡിജിറ്റൽ സാക്ഷരതയും ഒരേ പ്രാധാന്യത്തിലെടുത്തുള്ള ഒരു സമൂഹമാണ് നമ്മൾ വിഭാവനം ചെയ്യേണ്ടത്.

ഇന്റർനെറ്റ് മൗലികാവകാശമായി കണക്കാക്കുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള സംസ്ഥാനമായ കേരളത്തിൽ സന്തുലിതമായ ഡിജിറ്റൽ വിടവു കുറയ്ക്കലിനു സവിശേഷപ്രാധാന്യമുണ്ട്. വിജ്ഞാനാടിസ്ഥാന സംസ്ഥാനമെന്നെ ലക്ഷ്യം മുന്നോട്ടുവെയ്ക്കുമ്പോൾ സംസ്ഥാനത്തെ ജനതയെ ഡിജിറ്റൽ സാക്ഷരരാക്കുന്ന ഒരു സാമൂഹികമാറ്റത്തിനുകൂടി നമ്മൾ മുന്നിട്ടിറങ്ങണം. ഡിജിറ്റൽ സാക്ഷരതെയെന്നത് ഇന്റർനെറ്റ്, ഡിജിറ്റൽ ഉപകരണങ്ങളുടെ നിത്യേനയുള്ള ഉപയോഗത്തിനുള്ള കഴിവുണ്ടാകൽ മാത്രമായി കാണരുത്. ഇവയുടെ സാധ്യതകൊണ്ട് ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഒരുപാടവസരങ്ങൾകൂടിയാണ്. ഒപ്പം തന്നെ അതിവേഗത്തിലുള്ള വിവരവിനിമയത്തിന്റെ മറുപുറമായ വ്യാജവാർത്തകളുടെയും അപകടകരമായ ഭിന്നിപ്പുകളുടെയും സങ്കീർണ്ണതകളെ ചെറുക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. സ്വകാര്യത, സുരക്ഷിതസാമ്പത്തികവിനിമയങ്ങൾ, ഓൺലൈൻ കുറ്റകൃത്യങ്ങളും നിയമങ്ങൾ എന്നിവയും ബോധവത്കരണം ഏറെ ആവശ്യമുള്ള മേഖലകളാണ്. ഡിജിറ്റൽ സാക്ഷരരാവേണ്ടത് ജനങ്ങൾ മാത്രമല്ല, ഗവൺമെന്റുകൾ കൂടിയാണ്. സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുകയെന്നത് വളരെ കൊട്ടിഘോഷിക്കപ്പെടുന്ന വാർത്തയാണെങ്കിലും യഥാർത്ഥത്തിൽ ഗവൺമെന്റിന്റെ ഡിജിറ്റൽ സേവനങ്ങളുടെയും ഈ ഗവേണൻസിന്റെയും അവസ്ഥ പരിതാപകരമാണ്. ജനങ്ങൾ ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ മലയാളത്തിൽ കൂടി ലഭ്യമാക്കാൻ ഗവൺമെന്റുകൾ ശ്രദ്ധിക്കാൻ തുടങ്ങണം.

മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവർത്തിക്കുന്ന ഞങ്ങൾ ചിലർ മലയാളം കമ്പ്യൂടിങ്ങ് എങ്ങനെ കൂടുതൽ ആളുകളിലേക്കെത്തിക്കാം എന്ന് 2019ൽ സാക്ഷരതാമിഷനുമായി ചർച്ച ചെയ്തിരുന്നു. പക്ഷേ മലയാളം കമ്പ്യൂട്ടിങ്ങിലൊതുക്കാതെ വിശാലമായ അർത്ഥത്തിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കണമെന്നു അഭിപ്രായമുയർന്നതിനാൽ, സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2019 ഡിസംബർ മുതൽ 2020 മാർച്ചുവരെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ പല ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിവിധ മേഖലകളും അവയുടെ ഉള്ളടക്കവും ഏകദേശം തയ്യാറാക്കിയിരുന്നു. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ചെറിയരീതിയിൽ ഏപ്രിലിൽ പൈലറ്റ് ചെയ്യാനുദ്ദേശിച്ചെങ്കിലും മഹാമാരിയിൽ ഈ പദ്ധതി മുങ്ങിപ്പോയി. ജനങ്ങളോടു നേരിട്ടു സംവദിക്കുന്നതരം പഠനസമ്പ്രദായം കോവിഡ് ശമിയ്ക്കാതെ നടക്കില്ല.

എങ്കിലും, അന്നു നിലച്ചുപോയ പദ്ധതിയുടെ ഉള്ളടക്കം വിപുലീകരിക്കാൻ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആലോചിക്കുന്നുണ്ട്. ബന്ധപ്പെട്ട മേഖലകളിലെ താത്പര്യമുള്ള വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ച് പാഠ്യപദ്ധതിയും ഉള്ളടക്കവും തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് ശമിയ്ക്കുന്ന ഘട്ടത്തിൽ ഗവണ്മെന്റിന്റെയും താത്പര്യമുള്ള എല്ലാവരുടെയും സഹായത്തോടെ ജനങ്ങളിലേക്കെത്തിക്കാനാണ് പ്ലാൻ

4 Likes