മലയാളം ഫോണ്ടുകള്‍ പുതുക്കേണ്ടതെന്തുകൊണ്ട് ?

അനിവര്‍ അരവിന്ദ്

മലയാളം ഫോണ്ടുകള്‍ ഉപയോഗിയ്ക്കുന്ന നമ്മളില്‍ പലരും ഫോണ്ടുകള്‍ പുതിയ വെര്‍ഷനിലേയ്ക്ക് പുതുക്കുക എന്ന കാര്യത്തില്‍ അത്ര ശ്രദ്ധാലുക്കളല്ല. ഇതു വ്യക്തികളുടെ മാത്രമല്ല പത്രസ്ഥാപന വെബ്‌സൈറ്റുകളുടെ വരെ ശീലമാണു്. ഫോണ്ടുകള്‍ക്ക് അപ്ഡേറ്റില്ലാത്ത ആസ്കിക്കാലത്തെ ശീലങ്ങളുടെ ബാക്കിയാണിതു്. പുതിയ സ്റ്റാന്‍ഡേര്‍ഡുകളും മാറ്റങ്ങളും വരുന്നതിനനുസരിച്ച് ഫോണ്ടുകള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന കാലമാണിതു്. ഫോണ്ടുകള്‍ സോഫ്റ്റ്‌വെയറുകള്‍ തന്നെയാണു്. അതിനാല്‍ യൂണിക്കോഡ് വെര്‍ഷന്‍ മാറ്റങ്ങള്‍ക്കും ഓപ്പണ്‍ടൈപ്പ് സ്റ്റാന്‍ഡേര്‍ഡ് മാറ്റങ്ങള്‍ക്കും പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കാനും ഒക്കെ ഫോണ്ടുകള്‍ പുതിയ വെര്‍ഷനിലേയ്ക്ക് പുതുക്കേണ്ടതു് അത്യാവശ്യമാണു്. മിക്കഫോണ്ടുകളുടെയും ഇപ്പോഴത്തെ വെര്‍ഷന്‍ 6.1 ആണു്. 04, 5.1 വെര്‍ഷനുകളിലുള്ള മീരയും രചനയുമാണ് ഇപ്പോഴും ഒട്ടനവധി പേര്‍ ഉപയോഗിയ്ക്കുന്നതും വെബ്‌‌സൈറ്റുകളില്‍ ലിങ്ക് ചെയ്തിരിയ്ക്കുന്നതും . അതുപോലെ .730 വെര്‍ഷനിലുള്ള അഞ്ജലിഓള്‍ഡ്‌ലിപി ഫോണ്ടാണ് മിക്കവരും ഇന്നും ഉപയോഗിയ്ക്കുന്നതു്. ഇവ പുതുക്കേണ്ടതാണ്. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഫോണ്ടുകള്‍ക്ക് സ്ഥിരമായ ഒരു ഡൌണ്‍ലോഡ് ലൊക്കേഷനും പ്രിവ്യൂ പേജും സജ്ജമാക്കിയിരിയ്ക്കുന്നു .നിങ്ങള്‍ക്ക് പുതിയ വെര്‍ഷന്‍ ഫോണ്ടുകള്‍ http://smc.org.in/fonts എന്ന ലിങ്കില്‍ നിന്നും കണ്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണു്. സന്തോഷ് തോട്ടിങ്ങലാണു് ഈ പേജ് സജ്ജമാക്കിയതു്. ഓണ്‍ലൈന്‍ പത്രസ്ഥാപനങ്ങള്‍ ഫോണ്ട് ഡൗണ്‍ലോഡ് ഓപ്ഷന്‍ ഇതിലെ ലിങ്കുകളിലേയ്ക്ക് പോയന്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു . ഒപ്പം പത്രങ്ങള്‍ നിങ്ങളുടെ എംബഡ് ചെയ്യുന്ന വെബ്‌ഫോണ്ടുകള്‍ പുതിയ വെര്‍ഷനുകളിലേയ്ക്ക് പുതുക്കുന്നതും നന്നായിരിയ്ക്കും .കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതും സാധാരണക്കാര്‍ക്കാവശ്യവുമായ TTF ഫോണ്ടുകള്‍ക്കു പുറമേ WOFF, WOFF2, EOT എന്നീ വെബ്‌ഡെവലപ്പര്‍മാര്‍ക്കാവശ്യമായ വെബ്‌ഫോണ്ട് രൂപങ്ങളും ഇതേ പേജില്‍ തന്നെ ലഭ്യമാണു്.


This is a companion discussion topic for the original entry at https://blog.smc.org.in/font-upgrade-rationale/